തിരുവനന്തപുരം: കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടു മാസത്തേക്ക് വിചാരണ നടപടികൾ നിർത്തിവയ്ക്കാനും ഉത്തരവ്. പ്രതികൾക്കെതിരായി മനപ്പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹർജി നൽകിയത്. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയെങ്കിലും നരഹത്യാകേസ് ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷനൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
