കരകുളത്ത് കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി 

IMG-20221206-WA0086

തിരുവനന്തപുരം :ഗുണമേന്മയുള്ള ഭക്ഷണവും അന്തസ്സുള്ള ജീവിതവും സമ്മാനിക്കുന്നതായിരിക്കണം കൃഷിയെന്നും കഴിയുന്നവർ സ്വന്തമായി കൃഷിചെയ്ത് വിഷരഹിത വിഭവങ്ങളുണ്ടാക്കണമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളത്തിന്റെ തനത് വെളിച്ചെണ്ണയും മറ്റ് മൂല്യ വർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കുന്നതിനെ പറ്റി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരകുളത്തെ കേര ഗ്രാമം പദ്ധതി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കരകുളം കൃഷി ഭവനെ സ്മാർട്ടാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

തെങ്ങുകളുടെ രോഗം കുറച്ച് ഉൽപ്പാദനം വർധിപ്പിക്കുകയാണ് കേര ഗ്രാമം പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ച് സംയോജിത കീടരോഗ നിയന്ത്രണം, വളപ്രയോഗം, ഇടവിള കൃഷി, മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ഉത്പാദന ക്ഷമത കൂടിയ രണ്ടായിരത്തിലധികം തെങ്ങിൻ തൈകൾ കരകുളം പഞ്ചായത്തിൽ വിതരണം ചെയ്യും. കരകുളത്തെ കേരഗ്രാമം പദ്ധതിക്കായി കൃഷി വകുപ്പ് 25.67 ലക്ഷം രൂപ വിനിയോഗിക്കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 100 ഹെക്ടറിൽ കേര ഗ്രാമം പദ്ധതി തുടർച്ചയായി മൂന്ന് വർഷം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

 

ഒരു തെങ്ങ്‌ മുതൽ അഞ്ച് ഹെക്ടർവരെ കൃഷിയുള്ള കർഷകർക്ക് ഈ പദ്ധതിയിൽ ചേരാം. ഗ്രാമപഞ്ചായത്തിൽ നാളികേര കൃഷിയിൽ വലിയ മുന്നേറ്റമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. പരിപാടിയോടനുബന്ധിച്ച് തെങ്ങിൻതൈകൾ, ജൈവ വളങ്ങൾ, തെങ്ങിൽ നിന്നുണ്ടാക്കുന്ന കരകൗശല – മൂല്യവർദ്ധിത വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വില്പനയുമുണ്ടായിരുന്നു.

 

കരകുളം യു.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായി. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി യു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular