ജില്ലാ കേരളോത്സവം: കലാമത്സരങ്ങള്‍ക്ക് അരങ്ങുണര്‍ന്നു

IMG-20221209-WA0048

 തിരുവനന്തപുരം :തിരുവനന്തപുരം ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായ കലാമത്സരങ്ങള്‍ക്ക് രണ്ടാംദിനത്തില്‍ തിരിതെളിഞ്ഞു. മലയിന്‍കീഴ് ഗവ. വി.ബി.എച്ച്.എസ് എസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന കേരളോത്സവം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഐ ബി സതീഷ് എം.എല്‍.എ അധ്യക്ഷനായി.

മലയിന്‍കീഴ് ഗവ.ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലയിന്‍കീഴ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറുന്നത്. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലെയും 4 മുനിസിപ്പാലിറ്റികളിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും കലാകാരന്മാരാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. കലാമത്സരങ്ങളുടെ ആദ്യദിനം ഒന്നാം വേദിയായ ലെനിന്‍ രാജേന്ദ്രന്‍ നഗറില്‍ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പിടി എന്നിവയും രണ്ടാം വേദിയായ പാറശ്ശാല പൊന്നമ്മാള്‍ നഗറില്‍ ലളിതഗാനം, കര്‍ണ്ണാടക സംഗീതം, മാപ്പിളപ്പാട്ട്, വായ്പ്പാട്ട് എന്നിവയും അരങ്ങേറി. മൂന്നാം വേദിയായ കലാഭവന്‍ മണി നഗറില്‍ കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, ഒപ്പന, തിരുവാതിര, മാര്‍ഗംകളി എന്നിവയും നാലാം വേദിയായ പൂവച്ചല്‍ ഖാദര്‍ നഗറില്‍ പ്രസംഗം, ക്വിസ് മത്സരം എന്നിവയും അഞ്ചാം വേദിയായ എ അയ്യപ്പന്‍ നഗറില്‍ രചന മത്സരങ്ങളും നടന്നു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വിളപ്പില്‍ രാധാകൃഷ്ണന്‍, എം. ജലീല്‍, വി.ആര്‍ സലൂജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വത്സലകുമാരി, റ്റി. മല്ലിക, യുവജനക്ഷേമ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ ചന്ദ്രികാദേവി ആര്‍.എസ് , ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.എം അന്‍സാരി തുടങ്ങിയവരും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!