ജില്ലാതല കേരളോത്സവം: ഗെയിംസിൽ തിരുവനന്തപുരം നഗരസഭ മുന്നിൽ

IMG-20221209-WA0073

തിരുവനന്തപുരം :ജില്ലാതല കേരളോത്സവത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന കായിക മത്സരങ്ങൾ സമാപിച്ചു. ഗെയിംസ് വിഭാഗത്തിൽ 96 പോയിന്റ് നേടി തിരുവനന്തപുരം നഗരസഭ ഒന്നാം സ്ഥാനത്തും 57 പോയിന്റ് നേടി വാമനപുരം ബ്ലോക്ക് രണ്ടാം സ്ഥാനത്തും മുന്നേറുകയാണ്. പുരുഷ വിഭാഗം നീന്തൽ മത്സരങ്ങളിൽ,100മീറ്റർ ബാക്ക്സ്ട്രോക്, 100മീറ്റർ ബട്ടർഫ്‌ളൈ ഇനങ്ങളിൽ തിരുവനന്തപുരം നഗരസഭയിലെ ആദിത്യൻ എസ് എസ്, 200മീറ്റർ ഫ്രീസ്റ്റൈലിൽ റൂഹുനു ആർ, 100, 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ വാമനപുരം ബ്ലോക്കിന്റെ അർജുൻ എസ്. സത്യ, 50 മീറ്റർ ബട്ടർഫ്ലൈയിൽ ഋഷി ചന്ദ്രൻ എന്നിവർ ഒന്നാം സ്ഥാനം നേടി. വനിതാ വിഭാഗം 100 മീറ്റർ ബാക്ക് സ്ട്രോക്ക് 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളിൽ പോത്തൻകോട് ബ്ലോക്കിലെ കീർത്തി ജെ.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 200 മീറ്റർ ഫ്രീ സ്റ്റൈലിൽ അഭിരാമി എസ്സും വിജയിയായി.

 

വോളിബോൾ മത്സരത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനവും നേടി. ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ തിരുവനന്തപുരം നഗരസഭയിലെ നേഹ ഒന്നാം സ്ഥാനവും, വാമനപുരം ബ്ലോക്കിലെ അനന്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗം സിംഗിൾസിൽ നസീം (വെള്ളനാട് ബ്ലോക്ക്‌)ഒന്നാം സ്ഥാനവും അഭിരാം എസ്. എസ്.( വർക്കല ബ്ലോക്ക്‌ )രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗം ഡബിൾസിൽ തിരുവനന്തപുരം കോർപ്പറേഷനും പുരുഷ വിഭാഗം ഡബിൾസിൽ ചിറയിൻകീഴ് ബ്ലോക്കും ഒന്നാം സ്ഥാനവും നേടി. കബഡി മത്സരത്തിൽ വർക്കല മുൻസിപ്പാലിറ്റിക്കാണ് ഒന്നാം സ്ഥാനം.

 

പുരുഷ വിഭാഗം ചെസ്സ് മത്സരത്തിൽ പെരുങ്കടവിള ബ്ലോക്കിലെ ഉണ്ണികൃഷ്ണൻ എം.എ ഒന്നാം സ്ഥാനവും, കിളിമാനൂർ ബ്ലോക്കിലെ ജിഷ്ണു ഗോവിന്ദൻ രണ്ടാം സ്ഥാനവും നേടി. ബാസ്ക്കറ്റ്ബോൾ വനിതാ വിഭാഗത്തിൽ പാറശാല ബ്ലോക്കും, പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം കോർപ്പറേഷനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്താണ് വോളിബോൾ മത്സരത്തിൽ വിജയികളായത്.

 

രണ്ടാം ദിനം ആരംഭിച്ച കലാമത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഓരോ മത്സരാർത്ഥിയും കാഴ്ചവയ്ക്കുന്നത്. വായ്പാട്ട് ഹിന്ദുസ്ഥാനി വിഭാഗത്തിൽ തിരുവനന്തപുരം നഗരസഭയിൽ നിന്നുള്ള രാജലക്ഷ്മി എസ്. എ-ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ലളിതഗാനം പുരുഷ വിഭാഗം ഒന്നാം സ്ഥാനം റിനിൽ റൈഹാൻ( വർക്കല ബ്ലോക്ക്‌), രണ്ടാം സ്ഥാനം ഷിജിൻ എ(പാറശ്ശാല ബ്ലോക്ക്‌) നേടി. ആവേശം നിറഞ്ഞ ക്വിസ് മത്സരത്തിൽ പാറശാല ബ്ലോക്കിനെ പ്രതിനിധീകരിച്ച ആരോമൽ സുബി സ്റ്റീഫൻ വിജയിയായി.

 

മോഹിനിയാട്ടം വിഭാഗത്തിൽ വർഷ സി.വി(അതിയന്നൂർ ബ്ലോക്ക്) ഒന്നും, ജ്വാല ജോയി വി.എം. (ചിറയിൻകീഴ് ബ്ലോക്ക്) രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

 

ഭരതനാട്യത്തിൽ വെള്ളനാട് ബ്ലോക്കിലെ ഷഹനാസ് ഒന്നാം സ്ഥാനവും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ അനുശ്രീ രണ്ടാം സ്ഥാനവും നേടി. കർണാടക സംഗീതത്തിൽ ഒന്നാം സ്ഥാനം നെടുമങ്ങാട് മുനിസിപ്പാറ്റിയിലെ ദേവനന്ദ എ. എസിനാണ്. കലോത്സവത്തിന്റെ ഭാഗമായി വിവിധ രചനാ മത്സരങ്ങളും പുരോഗമിക്കുന്നു. കഥാരചനയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഷീല വിജയിയായി. മേളയുടെ മൂന്നാം ദിനമായ ഇന്ന് (ഡിസംബർ 10 ) നാടോടി നൃത്തം,ഓട്ടൻതുള്ളൽ, സംഘനൃത്തം, വിവിധ വാദ്യോപകരണങ്ങൾ, നാടകം തുടങ്ങിയ മത്സര ഇനങ്ങളും അരങ്ങേറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!