തിരുവനന്തപുരം : അർജന്റീനയും ഫ്രാൻസും തമ്മിലുള്ള കളി സ്റ്റേഡിയത്തിലിരുന്ന് ആസ്വദിക്കുന്നതിന് ജില്ലയിൽ പലഭാഗത്തും ഒരുക്കിയിരിക്കുന്നത്. ഫൈനലിനായി വലിയ സ്ക്രീനുകളാണ് സജ്ജീകരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എട്ടുമുതൽ ശംഖുംമുഖം ബീച്ചിലും സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ പ്രദർശനം ജിമ്മി ജോർജ് സ്റ്റേഡിയത്തിലുമാണ് ഒരുക്കിയത്.12 അടി ഉയരവും 23 അടി വീതിയുമുള്ള സ്ക്രീനിൽ ഫുൾ എച്ച്.ഡി. ദൃശ്യമികവോടെ ഫൈനൽ ആസ്വദിക്കാവുന്ന സംവിധാനമാണ് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ സജ്ജീകരിച്ചത്. 1200ഓളം പേർക്ക് ഒരുമിച്ചിരുന്നു കളി കാണാം. ഏഴുമണിമുതൽ പ്രവേശനം സൗജന്യമാണ്. ടെക്‌നോപാർക്കിൽ ഫാൻപാർക്കിന്റെ നേതൃത്വത്തിൽ ആംഫി തിയേറ്ററിൽ എൽ.ഇ.ഡി. സ്ക്രീനിലാണ് പ്രദർശനം. തേക്കുംമൂട്ടിലും ഉപ്പിടാംമൂട് പാലത്തിനു സമീപവും നഗരത്തിലെ പ്രധാന ഹോട്ടലുകളിലും മാളുകളിലും ആവേശമുയരും. കായിക ക്ലബ്ബുകളുടെ നേതൃത്വത്തിലും പലയിടത്തും സ്ക്രീൻ ഒരുക്കി.
