തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ വാഹനപരിശോധന കർശനമാക്കി പൊലീസ്. ഇരുചക്ര വാഹനങ്ങളിൽ പിൻ സീറ്റ് യാത്രക്കാർ ഹെൽമെറ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് വ്യാപകമായതിനെ തുടർന്നാണ് പൊലീസ് കർശന നടപടി സ്വീകരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. പൊലീസ് പരിശോധനയ്‌ക്കൊപ്പം മോട്ടോർ വാഹനവകുപ്പിന്റെ സ്ക്വാഡ് തിരിച്ചുള്ള പരിശോധനകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിൽ, നഗരത്തിലെ മഴുവൻ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ട്രാഫിക് സൗത്ത്, ട്രാഫിക് നോർത്ത്, കൺട്രോൾ റൂം വാഹനം, പിങ്ക് പട്രോളിംഗ് വാഹനങ്ങളുൾപ്പെടെയുള്ള പട്രോളിംഗ് സംഘങ്ങളാണ് പരിശോധന നടത്തിയത്. സീറ്റ് ബെൽറ്റ് പരിശോധനയും ഇതിനൊപ്പം കർശനമാക്കിയിട്ടുണ്ട്.