നെടുമങ്ങാട്:വിവാഹമോചനക്കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യുവാക്കൾക്കിടയിൽ പ്രീ മാരിറ്റൽ കൗൺസിലിംഗിന് ഏറെ പ്രധാന്യമുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവാക്കൾ വിവാഹബന്ധത്തെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ‘ഒന്നിച്ചൊന്നായ്’ ദ്വിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലിംഗ അസമത്വം, ഗാർഹിക അതിക്രമങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, വിവാഹ മോചന കേസുകൾ, കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുകയും ദമ്പതികൾക്കിടയിൽ ഉത്തരവാദിത്ത പൂർണ്ണമായ രക്ഷാകർതൃത്വം വളർത്തിയെടുക്കുകയുമാണ് കൗൺസിലിംഗിന്റെ ലക്ഷ്യം. വിവാഹപൂർവ കൗൺസിലിംഗ് ആൻഡ് ഗൈഡൻസ്, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും സർക്കാർ സംവിധാനങ്ങളും, കുടുംബ ജീവിതത്തിനൊരു ആമുഖം, കുടുംബബന്ധങ്ങൾ, ധാർമികത, കുടുംബ ബജറ്റിന്റെ പ്രാധാന്യം, പ്രജനന ആരോഗ്യം, മാനസിക ആരോഗ്യ സംരക്ഷണം, നമുക്ക് വളരാം നന്നായി വളർത്താം എന്നീ വിഷയങ്ങളിൽ രണ്ട് ദിവസങ്ങളിലായി വിദഗ്ധർ ക്ലാസ്സുകൾ നയിക്കും. എഴുപതോളം യുവതീ-യുവാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് അതിജീവനം ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിലാൽ, പഞ്ചായത്ത് അംഗങ്ങൾ, ശിശു വികസന പദ്ധതി ഓഫീസർ ജെഷിത, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.
 
								 
															 
															 
															






