തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കാണികളെ സാക്ഷിയാക്കി ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ മാര്‍ജിനില്‍ വിജയം നേടി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 317 റണ്‍സിന്റെ റെക്കോര്‍ഡ് ജയത്തോടെ പരമ്പര തൂത്തൂവാരി. വിരാട് കോലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ വിജയ ലക്ഷ്യത്തിന് മുന്നില്‍ പൊരുതി നില്‍ക്കാന്‍പോലുമാകാതെ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 390 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 73 റണ്ണിന് ശ്രീലങ്കയെ വരിഞ്ഞുക്കെട്ടി. ഏകദിന ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് ഇന്ത്യ മാറ്റികുറിച്ചത്.
