കാട്ടാക്കട :പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളെ വരവേല്‍ക്കാന്‍ കാട്ടാക്കട പൊന്നറ ശ്രീധര്‍ മെമ്മോറിയല്‍ ഗവ.എല്‍ പി സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബഹുനിലമന്ദിരം ഒരുങ്ങുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഐ.ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍കുമാര്‍ അധ്യക്ഷനായി.
ഒന്‍പത് ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നഴ്‌സറി, ലോവര്‍ പ്രൈമറി വിഭാഗങ്ങളിലായി 96 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമിടുന്ന സ്‌കൂളിന് ഭൗതിക സാഹചര്യങ്ങള്‍ ഇനി വെല്ലുവിളിയാകില്ല. ഇരു നിലകളിലായി 3600 ചതുരശ്രയടി വിസ്തൃതിയില്‍ പണിയുന്ന കെട്ടിടത്തില്‍ അഞ്ച് ക്ലാസ്സ് മുറികളാണുള്ളത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. മെയ് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.