തിരുവനന്തപുരം:യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാളയത്ത് വച്ച് കൻറോൺമെൻറ് പൊലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.