തിരുവനന്തപുരം:വിശേഷങ്ങളും പരാതികളും കേള്‍ക്കാന്‍ മന്ത്രിമാര്‍ നേരിട്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് കൊഞ്ചിറ ഗവ. യു.പി.എസ്സിലെ ഏഴാം ക്ലാസ്സുകാരായ ഗോപികയും നക്ഷത്രയും അനോഷറും അടങ്ങുന്ന കുട്ടി കര്‍ഷകര്‍. കൃഷിദര്‍ശന്‍ പരിപാടിയുടെ ഭാഗമായാണ് മന്ത്രിമാരായ പി.പ്രസാദ്, ജി.ആര്‍ അനില്‍ എന്നിവര്‍ എം.എല്‍.എമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നേരിട്ടെത്തി കര്‍ഷകരുമായി സംവദിച്ചത്. ആയിരത്തിലധികം കര്‍ഷകരെയാണ് സംഘം നേരില്‍ കണ്ടത്. ഇവര്‍ ഉന്നയിച്ച സംശയങ്ങള്‍ അനുഭാവപൂര്‍വം കേട്ട മന്ത്രി, അടിയന്തരമായി ഇവയ്ക്ക് പരിഹാരം കാണുമെന്നും ഉറപ്പുനല്‍കി. കൃഷി മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകരോട് സംവദിച്ച് പ്രശ്നങ്ങള്‍ മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് കൃഷി ദര്‍ശന്‍.
രാവിലെ എട്ട് മണിയോടെ കുടപ്പനക്കുന്ന് കൃഷി ഭവന് മുന്നില്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയാണ് കൃഷി മന്ത്രി പി. പ്രസാദും സംഘവും യാത്ര തുടങ്ങിയത്. തുടര്‍ന്ന് കരകുളം കാസ്‌കോ വില്ലേജ്, വെമ്പായം കൊഞ്ചിറ പാടശേഖരം, പനവൂര്‍ നന്മ കൃഷിക്കൂട്ടം, ആനാട്, അരുവിക്കര, നെടുമങ്ങാട് ചെല്ലാംകോട് എന്നിവിടങ്ങളിലുമെത്തി കര്‍ഷകരെ നേരില്‍ കണ്ടു. കര്‍ഷകര്‍ ആവേശത്തോടെയാണ് സംഘത്തെ വരവേറ്റത്. പലരും മന്ത്രിമാര്‍ക്ക് സമ്മാനങ്ങളും നാടന്‍ ഭക്ഷണങ്ങളും കരുതിയിരുന്നു. പ്രദേശത്തെ കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാക്കി കര്‍ഷകര്‍ കൂടുതല്‍ വരുമാനം നേടണമെന്ന് മന്ത്രി പി. പ്രസാദ് കര്‍ഷകരോട് പറഞ്ഞു.