പാറശാല : പച്ചക്കറി വാങ്ങാനെന്ന വ്യാജേന എത്തി കടകളിൽ മോഷണം നടത്തുന്ന യുവതി അറസ്റ്റിൽ. പാറശാല മുര്യങ്കര നെടുമ്പഴിഞ്ഞി വീട്ടിൽ മല്ലിക എന്ന വനജകുമാരി (45) ആണ് പിടിയിലായത്. കഴിഞ്ഞ 16ന് നെടിയാംകോട്ടുള്ള കടയിൽ എത്തി പച്ചക്കറി ആവശ്യപ്പെട്ട ശേഷം ഉടമയുടെ ശ്രദ്ധ മാറിയതോടെ പണം കൈക്കലാക്കി ഒാട്ടോയിൽ കയറി രക്ഷപ്പെട്ടു.
ഒാട്ടോയിൽ ധനുവച്ചപുരത്ത് ഇറങ്ങി സമാന രീതിയിൽ മറ്റൊരു കടയിൽ നിന്ന് പച്ചക്കറി വാങ്ങുന്നതിനിടയിൽ വ്യാപാരിയുടെ മൊബൈൽ ഫോണും 4000 രൂപയും കവർന്നു. ഫോൺ കാണാതായതിനെ തുടർന്ന് സമീപ കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് മല്ലികയുടെ ചിത്രം ലഭിച്ചത്.പാറശാല പൊലീസ് നടത്തിയ അന്വേഷണത്തിൽ നെയ്യാറ്റിൻകര, വെള്ളറട എന്നീ സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ്.