കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും; മന്ത്രി പി എ മുഹമ്മദ് റിയാസ്

IMG_20230224_190138_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന്‍റെ പ്രൗഢി ഉയർത്തുന്നതാണ് മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കിയ 93 കോടിയുടെ വികസന പദ്ധതിയെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കോവളത്തേക്ക് വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കും വിധമുള്ള അടിസ്ഥാന സൗകര്യ വിപുലീകരണം ആണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കേരളത്തെ ടൂറിസം ഹബ്ബാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് കോവളത്തിൻ്റെ പ്രൗഢി ഉയർത്തുന്ന പദ്ധതി എന്നും മന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനുമായി തയ്യാറാക്കിയ പ്രത്യേക പദ്ധതിക്കാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് കോവളം.

കോവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്‍റെ പ്രതാപം ഉയർത്താൻ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യമാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

കിഫ്ബി പദ്ധതിയില്‍ 93 കോടി രൂപ ചിലവഴിച്ച് രണ്ട് ഘട്ടമായാണ് കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നത്. ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്‍റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്‍റെയും അടിമലത്തുറ ബീച്ചിന്‍റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന്‍ തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക.

ഐബി ബീച്ചിന്‍റെയും അടിമലത്തുറ ബീച്ചിന്‍റെയും കൂടുതല്‍ വികസനം, തെങ്ങിന്‍ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. പദ്ധതി നടപ്പാക്കാനുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി വാപ്കോസ് (WAPCOS) നെ ചുമതപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്.

കോവളത്തിന്‍റെ വികസനം കേരളത്തിന്‍റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകുമെന്ന് മന്ത്രി പറഞ്ഞു. ബഹു. മുഖ്യമന്ത്രി കോവളം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

ടൂറിസം വകുപ്പിന്‍റെ ചുമതലയേറ്റയുടനെ 2021 മെയ് 26 ന് കോവളം ബീച്ച് സന്ദര്‍ശിക്കുകയും തുടര്‍ന്ന് ബീച്ചിന്‍റെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 2021 ജൂലൈ 26 ന് കോവളം ബീച്ചിന്‍റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് യോഗം ചേര്‍ന്നു. തുടർന്നാണ് പദ്ധതിക്ക് രൂപം നൽകിയത്.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കും.ടൂറിസം വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഡിസൈന്‍ പോളിസിയുടെ ഭാഗമായി സമഗ്രമായൊരു രൂപകല്‍പ്പനയുടെ അടിസ്ഥാനത്തിലായിരിക്കും കോവളം വികസനമെന്നും മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular