തിരുവനന്തപുരം: നഗരസഭയിൽ ഇത്തവണ അവതരിപ്പിക്കുന്നത് ഹരിത ബഡ്ജറ്റെന്ന് മേയർ ആര്യാ രാജേന്ദ്രൻ.നഗരസഭ ബഡ്ജറ്റിനെക്കുറിച്ചുള്ള മാദ്ധ്യമ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മേയർ. ഹരിത ബഡ്ജറ്റിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കും.
നഗരസഭയിലെ എല്ലാ വാഹനങ്ങളും ക്രമേണ ഇലക്ട്രിക്ക് വാഹനങ്ങളാക്കും. നഗരസഭയിലെ സേവനങ്ങളെല്ലാം ഓൺലൈനാക്കാൻ പുതിയ സോഫ്ട്‌വെയർ തയ്യാറാക്കും.നിലവിൽ എൻജിനീയറിംഗ് വിഭാഗത്തിലെ 75ശതമാനം ഫയലുകളുടെ ഇ ഫൈലിംഗ് പൂർത്തിയായി.നൈറ്റ് ലൈഫിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ അത് നടപ്പാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
നഗരത്തിലെ തട്ടുകടകളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ തട്ടുകട ബ്രാൻഡിംഗ് നടപ്പാക്കും. ഇതുവഴി 500 തട്ടുകടകൾ ആധുനികവത്കരിക്കും. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പൊലീസുമായി ചേർന്ന് പുതിയ പദ്ധതികൾ ആലോചിക്കും.
നഗരത്തിലെ നഗരസഭയുടെ കീഴിലുള്ള പൊതു ടോയ്ലെറ്റുകൾ പുതുക്കിപ്പണിയുന്നതിനും പുതിയവ നിർമ്മിക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിക്കും. മാലിന്യ സംസ്കരണത്തിൽ നഗരസഭ നയമായ ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കാനുള്ള നടപടിയും സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.