തിരുവനന്തപുരം: വീട് ഒറ്റിക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് 18 പേരിൽ നിന്നായി 1.69 കോടി രൂപ തട്ടിയെടുത്ത കേസിൽ വീട്ടുടമസ്ഥയടക്കം നാലുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു.
കമലേശ്വരം സ്വദേശിനി സുലേഖ മജീദ് (67), മണക്കാട് കല്ലാട്ടുമുക്ക് സ്വദേശി ഉബൈദ് (44), കമലേശ്വരം ആറ്റിൻകുഴി സ്വദേശി കണ്ണൻ എന്ന സുരേഷ് കുമാർ (47), മംഗലപുരം ഇടവിളാകം സ്വദേശി ബിജു (44) എന്നിവരാണ് അറസ്റ്റിലായത്.
സുലേഖ തന്റെ പേരിലുള്ള വീടുകൾ ഒറ്റിക്ക് നൽകാമെന്നു പറഞ്ഞ് 18ഓളം പേർക്ക് ഒറ്റിക്കരാർ പത്രം ഉണ്ടാക്കിയാണ് 1.69 കോടി തട്ടിയെടുത്തത്. പണം നൽകിയവർ വീട് ഏറ്റെടുക്കാൻ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയത്. അപ്പോഴേക്കും പ്രതികൾ ഒളിവിൽപ്പോയിരുന്നു.
പണം നഷ്ടമായ മണക്കാട് സ്വദേശിയായ ഷാഹുൽ ഹമീദ് നൽകിയ പരാതിയിലാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നിർദ്ദേശപ്രകാരം പൂന്തറ എസ്.എച്ച്.ഒ ജെ.പ്രദീപ്, എസ്.ഐമാരായ ജയപ്രകാശ്, അരുൺകുമാർ എന്നിവരിടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.