Search
Close this search box.

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

IMG_20230314_182807_(1200_x_628_pixel)

തിരുവനന്തപുരം:നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

വിദേശങ്ങളിൽ തൊഴില്‍ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്.

തിരുവനന്തപുരത്തെ നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്യം ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും നിർവ്വഹിച്ചു.

വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ ഒരു മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തിന് പുറമേ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തിൽ ഇംഗീഷ് ഭാഷയില്‍ ഒ.ഇ.റ്റി (O.E.T-Occupational English Test), ഐ.ഇ.എല്‍.ടി എസ്. (I.E.L.T.S-International English Language Testing System),ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ബി2 ലെവല്‍ വരെയും പഠിക്കാന്‍ അവസരം ഇവിടെ ഉണ്ടാകും.

ഇതിൽ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള O.E.T യുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കും. 25 പേർ വീതമുളള മൂന്നു ബാച്ചുകൾക്ക് ഒരേ സമയം പരിശീലനം ലഭ്യമാക്കുന്ന തരത്തിലാണ് സെന്റർ. ആദ്യഘട്ടത്തിൽ രണ്ടു ഷിഫ്റ്റുകളിലായി ആറു ബാച്ചിന് പരിശീലനം ലഭ്യമാക്കും.

രാവിലെ 9 മുതൽ 12.30 വരെയും ഉച്ചയ്ക്കുശേഷം 12.30 മുതൽ 4.30 വരെയുമാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. യോഗ്യരായ അധ്യാപകർ, ആരോഗ്യകരമായ അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

നോർക്കയുടെ ഭാഷാ പരിശീലന കേന്ദ്രത്തിൽ ഭാഷാ പഠനം എല്ലാവർക്കും പ്രാപൃമാക്കാർ കഴിയും വിധം ഫീസ് സബ്സിഡി നൽകുന്നുണ്ട്. ജനറൽ വിഭാഗത്തിലുൾപ്പെട്ട ആളുകളുടെ 75 ശതമാനം ഫീസും സർക്കാർ സബ്സിഡിയായി നല്കുമ്പോൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്കും ഫീസ് പൂർണമായും സൗജന്യമായിരിക്കും.

തൈക്കാട് മേട്ടുകട ജംങ്ഷനിലെ എൻ.ഐ.എഫ്. എൽ സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ശ്യാം ചന്ദ്, പ്രവാസി ക്ഷേമനിധി ബോർഡ് സി.ഇ.ഒ എം. രാധാകൃഷ്ണൻ, കേരളത്തിലെ ഹോണററി ജർമ്മൻ കൗൺസൽ ഡോ. സെയ്ദ് ഇബ്രാഹിം, നോർക്ക ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് അസ്സോസ്സിയേറ്റ് പ്രൊഫസർ പി.ജി അനിൽ തുടങ്ങിയവർ സംബന്ധിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളില്‍ 1800 425 3939 (ഇന്ത്യയില്‍നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!