സൂര്യഗായത്രി കൊലക്കേസ്; സാക്ഷി വിസ്താരം പൂർത്തിയായി

IMG_20230317_162950_(1200_x_628_pixel)

തിരുവനന്തപുരം :സൂര്യഗായത്രി കൊലക്കേസ് സാക്ഷി വിസ്താരം പൂർത്തിയായി. കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കുത്തി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മ രക്ഷാര്‍ത്ഥം കത്തി പിടിച്ചു വാങ്ങി തുരുതുരെ കുത്തിയതാണെന്ന് പ്രതി.കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതിഭാഗം ഉയര്‍ത്തിയ ഈ പ്രതിരോധം അന്വേഷണ ഉദ്യോഗസ്ഥനെയും പ്രതിയെ പരിശോധിച്ച ഡോക്ടറെയും വിസ്തരിച്ച് പ്രോസിക്യൂഷന്‍ തകര്‍ത്തു.

നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രി കൊലക്കേസിന്റെ വിചാരണയിലെ അന്തിമ ഘട്ടത്തിലായിരുന്നു പ്രതിഭാഗവും പ്രോസിക്യൂഷനും പ്രതിരോധം തീര്‍ത്തത്. ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി.

പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈയ്ക്ക് പറ്റിയ മുറിവ് സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാണെന്ന് പ്രതി മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡി. വൈ. എസ്. പിയുമായ ബി. എസ്. സജിമോന്‍ കോടതിയില്‍ മൊഴി നല്‍കി.

പ്രതിയുടെ കയ്യിലെ മുറിവ് കത്തി മടക്കിയപ്പോള്‍ ഉണ്ടായതാകുമെന്ന് പ്രതിയെ പരിശോധിച്ച ഡോക്ടര്‍ അബിന്‍ മുഹമ്മദും കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിഭാഗം ചോദ്യത്തിന് മറുപടി നല്‍കി.

സൂര്യഗായത്രിയുടെ വസ്ത്രങ്ങള്‍ കണ്ട് സംഭവദിവസം പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സൂര്യഗായത്രിയുടെ അമ്മ വത്സല കോടതിയില്‍ തളര്‍ന്ന് ഇരുന്നു. ശാരീരിക വൈകല്യമുളള വത്സല തിറയില്‍ ഇഴഞ്ഞാണ് മൊഴി നല്‍കാന്‍ കോടതിയില്‍ എത്തിയത്. പ്രതി മകളെ കുത്താന്‍ ഉപയോഗിച്ച കത്തി കോടതിയില്‍ കണ്ട് തിരിച്ചറിഞ്ഞ വത്സല പൊട്ടികരഞ്ഞു കൊണ്ട് പ്രതിയെ ശപിക്കുന്നുണ്ടായിരുന്നു.

കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പോലീസ് സര്‍ജ്ജന്‍ ധന്യാ രവീന്ദ്രനും കോടതിയെ അറിയിച്ചു. സൂര്യഗായത്രിയുടെ വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയായിരുന്നതായി ഫോറന്‍സിക് വിദഗ്ദരായ ലീന. വി. നായര്‍, ഷഫീക്ക, വിനീത് എന്നിവര്‍ മൊഴി നല്‍കി. ശാസ്ത്രീയ പരിശോധനക്ക് ആവശ്യമായ പ്രതിയുടെ മുടിയും രക്തവും ശേഖരിച്ച് നല്‍കിയ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ദീപഹരിഹരനെയും സാക്ഷിയായി വിസ്തരിച്ചു.

പ്രതിക്ക് വേണ്ടി ഡോ.ക്ലാരന്‍സ് മിറാന്‍ഡയും പ്രോസിക്യൂഷന് വേണ്ടി അഢീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, വിനു മുരളി, മോഹിത മോഹൻ എന്നിവര്‍ ഹാജരായി.39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!