കാരേറ്റ്: ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ. കാരേറ്റിന് സമീപം പേടിക്കുളത്ത് ഗ്യഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് കുടുംബവഴക്കിനെ തുടർന്നാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.
കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രൻ (65) ആണ് ഭാര്യ ശശികല(57) എന്നിവരാണ് മരിച്ചത്. ശശികലയെ കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് മരണവിവരം പുറത്തറിയുന്നത്. റിട്ടയഡ് സർക്കാർ ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. കുടുംബ വഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പൊലീസ് നിഗമനം.
രാജേന്ദ്രൻ്റെ എറണാകുളത്ത് താമസിക്കുന്ന മകൻ സുഹൃത്തിനോട് ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്ന് പറയുകയായിരുന്നു. അവിടെ എത്രയും വേഗം പോയിനോക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല.
തുടർന്ന് സുഹൃത്ത് രാജേന്ദ്രൻ്റെ ഫോണിലേക്ക് വിളിച്ചു. ഈ സമയം വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്ത് രാജേന്ദ്രൻ്റെ ഇളയ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ചു. അകത്ത് മുഖത്ത് തലയിണയുമായി കട്ടിലിൽ കിടക്കുന്ന ശശികലയെ കണ്ടു.
പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ സംഘം വീടിന്‍റെ വാതിൽ തകർത്ത് ഉള്ളിൽ കയറുകയായിരുന്നു. അപ്പോൾ മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ രാജേന്ദ്രനെ കാണുകയും ചെയ്തു.
ഇവർ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും പൊലീസ് പറയുന്നു. രാജേന്ദ്രൻ്റെ ആദ്യ ഭാര്യ മരിച്ച ശേഷം രണ്ടാമത് ശശികലയെ വിവാഹം ചെയ്യുകയായിരുന്നു എന്നാണ് വിവരം. ആദ്യ ഭാര്യയിൽ രണ്ടു പെൺമക്കളും ഒരു മകനും ഉണ്ട്.