വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം; മാര്‍ഗനിര്‍ദേശങ്ങളുമായി വനിത ശിശുവികസന വകുപ്പ്

IMG_20230312_220707_(1200_x_628_pixel)

തിരുവനന്തപുരം: വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടികളും ഡേകെയര്‍ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങളും മറ്റും നല്‍കേണ്ടതിനാല്‍ അങ്കണവാടികള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ബുദ്ധിമുട്ടാകും. ചൂട് വര്‍ധിച്ചു വരുന്നതിനാല്‍ കുട്ടികള്‍ക്ക് നിര്‍ജലീകരണം ഉണ്ടാകാതെ നോക്കണം. കുട്ടികള്‍ക്ക് ധാരാളം വെള്ളം കൊടുക്കണം.

കുട്ടികളെ ചൂട് അധികമേല്‍ക്കാത്ത സ്ഥലങ്ങളില്‍ ഇരുത്തണം. വനിത ശിശുവികസന വകുപ്പ് ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. എല്ലാ അങ്കണവാടികളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

· അങ്കണവാടികളിലെ കുട്ടികളെ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയുള്ള സമയത്ത് അങ്കണവാടിയുടെ പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ പാടുള്ളതല്ല

· അങ്കണവാടിക്കുള്ളില്‍ വായു സഞ്ചാരം ഉറപ്പുവരുത്തേണ്ടതാണ്.

· കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

· കുട്ടികള്‍ക്ക് നല്‍കുന്ന വെള്ളം തിളപ്പിച്ചാറ്റിയതാണെന്ന് ഉറപ്പ് വരുത്തണം.

· കുട്ടികള്‍ക്ക് ഉപ്പിട്ട കഞ്ഞിവെള്ളം നാരങ്ങാവെള്ളം മോരുവെള്ളം എന്നിവ നല്‍കുക.

· കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

· ഫാന്‍ സൗകര്യമില്ലാത്ത അങ്കണവാടികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവ ലഭ്യമാക്കുന്നതിന് ശിശുവികസന ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.

· കഴിവതും ഇളംനിറമുള്ള അയവുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ച് കുട്ടികളെ അങ്കണവാടിയില്‍ എത്തിക്കുന്നതിന് രക്ഷിതാക്കളോട് നിര്‍ദ്ദേശിക്കേണ്ടതാണ്.

· പുറത്തിറങ്ങുമ്പോള്‍ കുട, വെള്ള കോട്ടന്‍ തൊപ്പി മുതലായവ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശിക്കണം.

· ചെരുപ്പ് ഇടാതെ നടക്കരുതെന്ന് കുട്ടികളോട് നിര്‍ദ്ദേശിക്കുക.

· ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

· ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

· അങ്കണവാടികളിലും പരിസരത്തും തണുപ്പ് തേടിക്കിടക്കുന്ന ഇഴജന്തുക്കള്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം.

· എല്ലാ അങ്കണവാടികളിലും ദിശ നമ്പരും (1056, 104), തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ നമ്പരും പ്രദര്‍ശിപ്പിക്കേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!