തിരുവനന്തപുരം: ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പാ കേസ് പ്രകാരമുള്ള പോലീസിന്റെ കരുതൽ തടങ്കൽ ശുപാർശകളിൽ നടപടികൾ ഊർജ്ജിതമാക്കി ജില്ല ഭരണകൂടം.
ഈ വർഷം തിരുവനന്തപുരം ജില്ലയിൽ പോലീസിന്റെ 23 ശുപാർശകളിൽ കാപ്പാ നിയമം 3(1) പ്രകാരം കരുതൽ തടങ്കലിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി മേഖലയിൽ എട്ടുപേർക്ക് എതിരെയും റൂറൽ മേഖലയിൽ 15 പേർക്ക് എതിരെയും ഉത്തരവ് പുറപ്പെടുവിച്ചു. 5 ശുപാർശകൾ മാത്രമാണ് ഇതുവരെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയത്.
തിരുവനന്തപുരം സിറ്റി മേഖലയിൽ 3 ശുപാർശകളും റൂറൽ മേഖലയിൽ രണ്ട് ശുപാർശകളുമാണ് തള്ളിയത്. പോലീസിന്റെ 27 ശുപാർശകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സിറ്റി മേഖലയിൽ ഒമ്പതും റൂറൽ മേഖലയിൽ18 ശുപാർശകളും ഇതിൽ ഉൾപ്പെടുന്നു.