തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി.
28 വിഷയങ്ങളിലായി ആകെ 4264 പരാതികളാണ് ഇതുവരെ ലഭിച്ചത്. ഭൂമി സംബന്ധമായ വിഷയങ്ങളിലാണ് ഏറ്റവും അധികം പരാതികൾ ലഭിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പരാതികൾ ലഭിക്കുമെന്ന് യോഗം വിലയിരുത്തി. ഏപ്രിൽ 15 വരെയാണ് പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള അവസരം.
ശേഷിക്കുന്ന ദിവസങ്ങളിൽ കൂടുതൽ പരാതികൾ സ്വീകരിക്കാൻ അദാലത്തുമായി ബന്ധപ്പെട്ട പ്രചാരണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. എല്ലാ തദ്ദേശസ്ഥാപന പരിധികളിലും മൈക്ക് അനൗൺസ്മെൻറ് നടത്താനും വിവിധ ഓഫീസുകൾക്ക് മുന്നിൽ ബോർഡുകൾ സ്ഥാപിക്കാനും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അദാലത്ത് സംബന്ധിച്ച് വിവരങ്ങൾ പ്രചരിപ്പിക്കാനും മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിക്കണമെന്നും കെട്ടിക്കിടക്കുന്ന പരമാവധി പരാതികൾ അദാലത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം അനിൽ ജോസ് ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തഹസിൽദാർമാർ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.