അടുത്ത അധ്യയനവർഷം വഴുതയ്ക്കാട് ഗവ. കോട്ടൺഹിൽ സ്കൂളിൽ വിദ്യാർഥിനിയായി ഓൾഗ എന്ന റഷ്യൻ പെൺകുട്ടിയുമുണ്ടാകും. ഒൻപതാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായി. മലയാളം, ഹിന്ദി ഭാഷകൾക്കു പകരം സ്പെഷ്യൽ ഇംഗ്ലീഷും ജനറൽ നോളജുമാകും ഓൾഗ പഠിക്കുക. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ.
സാങ്കേതികാനുമതി മാത്രമാണ് വകുപ്പിൽനിന്നു ലഭിക്കുന്നത്. പത്താം ക്ലാസിലെത്തുമ്പോൾ ഹിന്ദി പഠിച്ചെടുത്ത് മറ്റു വിദ്യാർഥികൾക്കൊപ്പം പരീക്ഷയെഴുതാം. ഇംഗ്ലീഷ് മീഡിയത്തിലാണ് പ്രവേശനം എന്നതിനാൽ സയൻസ്, ഗണിതം, സാമൂഹികശാസ്ത്രം എന്നിവ പഠിക്കാൻ ഓൾഗയ്ക്ക് എളുപ്പമാകും.
വർക്കലയിലെ സ്വകാര്യ സ്കൂളിലായിരുന്നു ഓൾഗ പഠിച്ചിരുന്നത്. അവിടെ മലയാളം പഠിച്ചെങ്കിലും ഭാഷ അധികം വഴങ്ങിയില്ല. നാലുവർഷം മുൻപ് അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഓൾഗ കേരളത്തിലെത്തിയത്. അമ്മ യൂലിയ ടെക്‌നോപാർക്കിൽ ട്രാൻസിലേറ്ററാണ്.