ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഒ.പി ബ്ലോക്ക് നവീകരിച്ചത്.
ദന്തൽ എക്സ്റേ യൂണിറ്റ്, ഫിസിയോതെറാപ്പി യൂണിറ്റ് എന്നിവ ഉൾപ്പെടെ നവീകരിച്ച ഒ. പി ബ്ലോക്കിൽ സജ്ജമായിട്ടുണ്ട്. ആശുപത്രിയിൽ പുതുതായി ട്രോമ കെയർ സംവിധാനം ആരംഭിക്കുമെന്നും ഇതിനായി ഒരു കോടിയിലധികം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
മൂന്ന് മാസത്തിനകം ട്രോമ കെയർ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രിയിൽ മോർച്ചറി പണിയുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രതിദിനം 500 ഓളം രോഗികളാണ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നത്.
ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് ആശുപത്രി നവീകരിച്ചത്. ഒ. പി ബ്ലോക്കിനോടനുബന്ധിച്ച് ആരോഗ്യ ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾ പരിഗണിക്കുന്നതിന് വേണ്ടി ഒരു മുറിയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഡോക്ടർമാരുടെ മുറികളെല്ലാം പൂർണമായും ശീതീകരിക്കുകയും ചെയ്തു.
ചടങ്ങിൽ ഒ. എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.