കരകുളം:വലിച്ചെറിയല്‍ മുക്ത നവകേരളത്തിന് ശക്തി പകര്‍ന്ന് ശുചിത്വ – സുന്ദര ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിലേക്ക് കരകുളവും. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി, സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി കരകുളം ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു.
നവകേരളം കര്‍മ്മ പദ്ധതി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. അജയകുമാര്‍ പ്രഖ്യാപനം നടത്തി. ‘മികച്ച സംസ്‌കരണം – മികവുറ്റ സംസ്‌കാരം എന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ നാല് മാസമായി പഞ്ചായത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ കൂനകള്‍ നീക്കം ചെയ്യല്‍, മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് സാനിടൈസേഷന്‍ സമിതികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ – തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് സമ്പൂര്‍ണ വലിച്ചെറിയല്‍മുക്ത പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
തുടര്‍ന്നും കരകുളത്തെ മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന് ജാഗ്രതയേകാന്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. വട്ടപ്പാറ സി. പി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖറാണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.