കളിയക്കാവിള : ഇരുതലമൂരി പാമ്പിനെ കൈമാറാൻ ശ്രമിക്കുന്നതിനിടെ കന്യാകുമാരി സ്വദേശികളായ മൂന്നുപേർ പിടിയിലായി. കളിയക്കാവിളയ്ക്കു സമീപം സൂര്യകോട് സ്വദേശി ബിനു, ആറുകാണി സ്വദേശികളായ ടൈറ്റസ്, തങ്കരാജ് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം പാറശ്ശാല ഇഞ്ചിവിളയിൽ ഇരുതലമൂരിയെ കൈമാറുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന്, പരിശോധന നടത്തിയ പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കൈമാറാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ഇരുതലമൂരിയുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു.പിന്തുടർന്ന റേഞ്ചർ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കന്യാകുമാരി ജില്ലയിലെ മേൽപുറത്തുവെച്ചാണ് പ്രതികളെ പിടികൂടിയത്.