വട്ടിയൂർക്കാവ് :വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിൻ്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക ജില്ലാ കളക്ടർ ജറോമിക്ക് ജോർജ് ഐ.എ.എസ് ഏറ്റുവാങ്ങി. കിഫ്ബിയിൽ നിന്നും ലഭ്യമായ 60,08,34,218 (60.08 കോടി) രൂപയുടെ ചെക്ക് ട്രിഡ ചെയർമാൻ കെ. സി വിക്രമൻ കളക്ടർക്ക് കൈമാറി.
വി. കെ പ്രശാന്ത് എം. എൽ. എ ചടങ്ങിൽ മുഖ്യാതിഥിയായി. വട്ടിയൂർക്കാവിന്റെ സ്വപ്ന പദ്ധതിയായ ജംഗ്ഷൻ വികസനം അതിന്റെ പ്രാവർത്തിക ഘട്ടത്തിലേക്ക് എത്തിയെന്നും നടപടികൾ എത്രയും വേഗം പുരോഗമിക്കുമെന്നും വി. കെ പ്രശാന്ത് പറഞ്ഞു.
27.04 കോടി രൂപയാണ് പദ്ധതിക്കായി കിഫ്‌ബി ആദ്യം തീരുമാനിച്ചതെങ്കിലും വിവിധ ആവശ്യങ്ങൾ കണക്കിലെടുത്ത് തുക വർദ്ധിപ്പിക്കുകയായിരുന്നു. സംയുക്തമായ പ്രവർത്തനത്തിലൂടെയാണ് തുക ഏറ്റുവാങ്ങുന്നതിലേക്ക് എത്താൻ കഴിഞ്ഞതെന്ന് കളക്ടർ പറഞ്ഞു.
ഏറ്റവും നൂതനമായ, ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയുള്ള നിർമ്മാണ രീതിയായിരിക്കും കൈക്കൊള്ളുകയെന്ന് പദ്ധതിയുടെ മുഖ്യ ആർക്കിടെക്റ്റായ ജി. ശങ്കർ പറഞ്ഞു. വട്ടിയൂർക്കാവിലെ വർഷങ്ങളായുള്ള ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കാണ് ജംഗ്ഷൻ വികസനത്തിലൂടെ പരിഹാരം ഉണ്ടാകുക.
കുടപ്പനക്കുന്ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ഐ. എം പാർവ്വതി, ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. യോഗത്തിൽ വി. കെ പ്രശാന്ത് എം.എൽ.എയും ജില്ലാ കളക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി, പ്രവർത്തനങ്ങൾ വിലയിരുത്തി വേണ്ട നിർദേശങ്ങൾ നൽകി.