തിരുവനന്തപുരം :പൊതുവിപണിയിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയ വിപണന കേന്ദ്രങ്ങളിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് മിന്നൽ പരിശോധന നടത്തി.
പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. ചാല മാർക്കറ്റ് കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്തിയില്ല.
22 മൊത്ത വ്യാപാര, ചില്ലറ വില്പന ശാലകൾ പരിശോധിച്ചതിൽ വിലനിലവാര ബോർഡ്, അളവ് തൂക്ക സംബന്ധമായ ക്രമക്കേടുകൾ, ഭക്ഷ്യസുരക്ഷ ലൈസൻസുകൾ യഥാവിധി സൂക്ഷിക്കാതിരിക്കുക എന്നിങ്ങനെ 12 ക്രമക്കേടുകൾ കണ്ടെത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഒരു റീട്ടെയിൽ പ്രൊവിഷൻ സ്റ്റോറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ താൽക്കാലികമായി നിർത്തലാക്കി.
വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് കടയുടമകൾക്ക് കർശന നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ കളക്ടറോട് ഒപ്പം ജില്ലാ സപ്ലൈ ഓഫീസർ പ്രവീൺകുമാർ എച്ച്, സിറ്റി റേഷനിങ് ഓഫീസർ (സൗത്ത്) ബിജു പി വി, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോക്ടർ ജിഷാരാജ്, മെട്രോളജി ഇൻസ്പെക്ടർമാരായ പ്രിയ ബി, സൗമ്യ ആർ, നഹാസ്, റേഷനിങ് ഇൻസ്പെക്ടർമാരായ സജീദ്, ജിഷാ പി പി, സാബു വി പി, രശ്മി കെ വി, ശ്രീജിത്ത് മോഹൻ എന്നിവർ പങ്കെടുത്തു. താലൂക്ക് തലത്തിൽ താലൂക്ക് സപ്ലൈ ഓഫീസർമാർ പരിശോധന നടത്തിയിരുന്നു.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വില നിയന്ത്രണ നടപടികൾ കർശനമായി പാലിക്കണമെന്ന് ജില്ലയിലെ മൊത്ത-ചില്ലറ വ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടി കളക്ടർ നിർദ്ദേശിച്ചു.