പകര്‍ച്ചവ്യാധി പ്രതിരോധം; വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ

IMG_20230614_231321_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ യോഗം ചേര്‍ന്നു.

ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ പറ്റില്ല.

അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‍സ കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിനും പൊതുവില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

ജില്ലാതലത്തില്‍ കൂടാതെ തദ്ദേശ തലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ യോഗം വിളിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍, കുടുംബശ്രീ, ഹരിതകര്‍മ്മ സേന, തൊഴിലുറപ്പ്, പാടശേഖര സമിതി തുടങ്ങിയ പ്രതിനിധികളെ കൂടി യോഗത്തില്‍ ഉള്‍പ്പെടുത്തും.

ഹോട്ട് സ്‌പോട്ടുകളില്‍ പ്രത്യേക ഇടപെടല്‍ നടത്തുന്നതാണ്. മഴക്കാല ശുചീകരണം നേരത്തെ തന്നെ നടത്തി വരുന്നു. നല്ല മാറ്റമുണ്ടായി. തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഡ്രൈ ഡേ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു.

വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രതിരോധം ഉറപ്പാക്കണം.

കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. പകര്‍ച്ചപ്പനി അവബോധത്തിനായി എല്ലാ സ്‌കൂളുകളിലും ജൂണ്‍ 23 വെള്ളിയാഴ്ച ആരോഗ്യ അസംബ്ലി നടത്തും. സ്‌കൂളുകളെക്കൂടി ആരോഗ്യ വകുപ്പിന്റെ ഹോട്ട്‌സ്‌പോട്ട് പരിശോധനയില്‍ ഉള്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. ഒരു ക്ലാസില്‍ അഞ്ചില്‍ കൂടുതല്‍ കുട്ടികള്‍ പനിബാധിച്ച് ഹാജരാകാതിരുന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുട്ടികള്‍ കുടിക്കാന്‍ പാടുള്ളൂ. കുട്ടികള്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുത്.

ജില്ലകളില്‍ ജില്ലാകളക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരുന്നതാണ്. ഹരിതകര്‍മ്മസേന, സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരുടെ പിന്തുണകൂടി ഉറപ്പ് വരുത്തും. വാര്‍ഡ് തലത്തില്‍ ആരോഗ്യ ജാഗ്രതാ സമിതികള്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിര്‍മ്മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, അരുമ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവബോധം ശക്തിപ്പെടുത്തും. ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍, തോട്ടങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ കൊതുകിന്റെ ഉറവിടത്തിന് കാരണമായാല്‍ നിയമപ്രകാരം നോട്ടീസ് നല്‍കി നടപടിയെടുക്കും.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!