നെയ്യാറ്റിൻകര:നെയ്യാറ്റിൻകര മണ്ഡലത്തിലെ മികവ് 2023 പരിപാടി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ നമ്മളെ ഉന്നതരാക്കുന്നത് അറിവുകളാണെന്ന് മന്ത്രി വീണ ജോർജ്.
വിദ്യാഭ്യാസകാലഘട്ടമാണ് നമുക്ക് ഏറ്റവും കൂടുതൽ അറിവ് ആർജിക്കാൻ കഴിയുന്ന കാലഘട്ടം. ഓരോ കുട്ടികളും വ്യത്യസ്തരാണെന്നും അവരുടെ കഴിവുകൾ കണ്ടെത്തി ആ കഴിവുകൾക്ക് അനുസൃതമായി അവരെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ 100 ശതമാനം വിജയം കൈവരിച്ച സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ, എസ്.എസ്.എൽ.സി., +2, സി.ബി.എസ്.ഇ. ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും എ+ നേടിയ വിദ്യാർത്ഥികൾ, കലാ-സാംസ്കാരിക കായിക രംഗത്ത് മികവ് പുലർത്തിയവർ, കോവിഡ് മഹാമാരിയിലെ സന്നദ്ധ പ്രവർത്തകർ എന്നിവരെ ആദരിക്കുന്ന പരിപാടിയാണ് മികവ് 2023. 400ലധികം കുട്ടികളെയാണ് ചടങ്ങിൽ ആദരിച്ചത്.
നെയ്യാറ്റിൻകര ബോയ്സ്ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കെ ആൻസലൻ എം എൽ എ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർത്ഥികൾ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.