എ.ഐ.ക്യാമറ, റോഡ് അപകട മരണനിരക്ക് ഗണ്യമായി കുറഞ്ഞു; മന്ത്രി ആന്റണി രാജു

IMG_20230609_235045_(1200_x_628_pixel)

തിരുവനന്തപുരം: എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.  2022 ജൂൺ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

എ.ഐ. ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂൺ മാസം റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞു. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു. ക്യാമറകളുടെ പ്രവർത്തന അവലോകനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ജൂലൈ 3 വരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകൾ തപാലിൽ അയക്കുകയും ചെയ്തു. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ വേരിഫിക്കേഷനിലെ കുടിശിക പൂര്‍ത്തിയാക്കുവാനും കെൽട്രോണിനോട് നിർദ്ദേശിച്ചതായും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ്  ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 73887. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 30213,  കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-57032, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- 49775,  മൊബൈൽ ഫോൺ ഉപയോഗം 1846, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ  റൈഡ് 1818  തുടങ്ങിയവയാണ് ജൂൺ 5 മുതൽ ജൂലൈ 3 വരെ കണ്ടെത്തിയത്.

നിരപരാധികൾ പിഴ ഒടുക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോനിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുവാന്‍ റോഡ് സേഫ്റ്റി കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ ഓഗസ്റ്റ് 5 മുതല്‍ പ്രാബല്യത്തില്‍ വരും. റോഡ് വീതി കൂട്ടിയതിനെത്തുടര്‍ന്ന് മാറ്റിയ 16 ക്യാമറകളില്‍ 10 എണ്ണം ഈ മാസം തന്നെ പുനഃസ്ഥാപിക്കും. അന്യ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ NIC വാഹന്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവയുടെ നിയമലംഘനങ്ങള്‍ക്കു കൂടി പിഴ ഈടാക്കും.

പുതുക്കിയ വാഹന വേഗപരിധിയുടെയും പാര്‍ക്കിംഗ് സ്ഥലങ്ങളുടെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം 05.07.2023 (നാളെ) ചേരുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കെല്‍ട്രോണ്‍ സി.എം.ഡി. നാരായണ മൂര്‍ത്തി, എന്‍.ഐ.സി. ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!