തിരുവനന്തപുരം:വികസനത്തിനൊപ്പം പ്രകൃതി-വന സംരക്ഷണത്തിനും പ്രാധാന്യം നല്‍കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമെന്ന് ഗതാഗത വകുപ്പു മന്ത്രി അഡ്വ. ആന്റണി രാജു. വന മഹോത്സവത്തിന്റെ സംസ്ഥാനതല സമാപനം തിരുവനന്തപുരത്ത് ജഗതി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ദി ഡെഫില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രകൃതി സംരക്ഷണം വിഷയമാക്കി ചര്‍ച്ചകളും സെമിനാറുകളും പലയിടങ്ങളില്‍ നടക്കുന്നുണ്ട്.എന്നാല്‍ ഇത് പ്രവൃത്തിപഥത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യം പ്രാപ്തമാകുന്നതായി കാണുന്നില്ല. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാലഘട്ടത്തില്‍ പ്രകൃതി നല്‍കുന്ന മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണം. മനുഷ്യന്റെ ഓരോ പ്രവൃത്തിയുടെയും മറുവശമാണ് പ്രകൃതി ചൂണ്ടിക്കാട്ടുന്നത്. തൈ നടുന്നതു മാത്രമല്ല അതു പരിപാലിച്ചു വളര്‍ത്തിയെടുത്തുകൊണ്ടുള്ള വൃക്ഷവത്ക്കരണമാണ് ഇതിനുള്ള പരിഹാരമെന്നും മന്ത്രി വ്യക്തമാക്കി.
മുന്‍തലമുറ വളര്‍ത്തിയെടുത്ത വൃക്ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകൃതിയാണ് ഇന്നത്തെ സമൂഹത്തിനുള്ളത്. വരും തലമുറയ്ക്കായി ചെയ്യേണ്ടുന്ന മഹദ് പ്രവര്‍ത്തി ജീവനും പ്രകൃതിക്കുമായി വൃക്ഷ സംരക്ഷണം തന്നെയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ചുറ്റുമുള്ള ഒരു മരമെങ്കിലും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുന്നോട്ട് പോകണം. പ്രകൃതിയോട് ഇഴുകിച്ചേര്‍ന്നുള്ള ജീവിതമുണ്ടായാലേ നിലനില്‍പ്പുള്ളു എന്ന തിരിച്ചറിവ് നേടാന്‍ സമൂഹം പ്രാപ്തമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍ അഡ്വ.രാഖി രവികുമാര്‍ അധ്യക്ഷയായിരുന്നു.
ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ് വന മഹോത്സവ സമാപന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി.ജയപ്രസാദ് സ്വാഗതമാശംസിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) ഇ.പ്രദീപ്കുമാര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ എ.ചന്ദ്രശേഖര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍(ഇക്കോ ഡവലപ്‌മെന്റ്,ട്രൈബല്‍ വെല്‍ഫെയര്‍) ജസ്റ്റിന്‍ മോഹന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാസര്‍ ആലക്കല്‍, സ്റ്റേറ്റ് ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് അംഗം ഡോ.കലേഷ് സദാശിവന്‍, പിടിഎ പ്രസിഡന്റ് എ.ലെനിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (സതേണ്‍ സര്‍ക്കിള്‍ ഡോ.ആര്‍.കമലാഹര്‍ കൃതജ്ഞതയര്‍പ്പിച്ചു.
വന മഹോത്സവത്തോടനുബന്ധിച്ച് ജഗതി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ദി ഡെഫിലെ കുട്ടികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനദാനം നടത്തി. സ്‌കൂളില്‍ നിന്നും കോട്ടൂര്‍ ആന പാര്‍ക്കിലേയ്ക്കുള്ള വിദ്യാര്‍ഥികളുടെ ഏകദിന യാത്ര ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ് ഫ്‌ളാഗ് ഓഫ് ചെയ്തു.വന മഹോത്സവത്തോടനുബന്ധിച്ച് സ്‌കൂള്‍ പരിസരത്ത് ഗതാഗത മന്ത്രിയും വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിവിധയിനം വൃക്ഷ തൈകള്‍ നട്ടു.