തിരുവനന്തപുരം : മണക്കാട് ശ്രീവരാഹം ക്ഷേത്രത്തിനു സമീപം സുബ്രഹ്മണ്യ അയ്യരുടെ വീട്ടിൽ നിന്ന് 87.5 പവൻ സ്വർണം കവർന്ന സംഭവത്തിൽ കൂട്ടാളിയായ സ്ത്രീയും പൊലീസ് പിടിയിലായി.
മോഷണ സ്വർണം വില്ക്കാൻ സഹായിച്ച കാട്ടാക്കട കോട്ടൂർ സ്വദേശിനി ബീമാ കണ്ണിനെയാണ് (47) പിടികൂടിയതെന്ന് ഫോർട്ട് അസി.കമ്മീഷണർ ഷാജി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മോഷണം നടത്തിയ നെടുമങ്ങാട് പത്താംകല്ല് സ്വദേശി ഷെഫീഖിനെ (34) തിങ്കഴാഴ്ച രാത്രി കുമാരപുരത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു.
ഷെഫീഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബീമാകണ്ണിലേക്ക് പൊലീസെത്തിയത്.തിങ്കളാഴ്ച രാത്രി തന്നെ ഷെഫീഖുമായി പൊലീസ് കോട്ടൂരിലെത്തി.ബീമാകണ്ണിന്റെ വീട്ടിൽ നിന്ന് തൊണ്ടി മുതൽ പിടിച്ചെടുത്തു.17പവൻ കാട്ടാക്കടയിലെ രണ്ട് ജുവലറികളിലായി വിറ്റെന്നും ബീമാകണ്ണ് പൊലീസിനോട് സമ്മതിച്ചു.
വിറ്റ സ്വർണ്ണം കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷെഫീഖിന്റെ സുഹൃത്ത് വഹാബിന്റെ ഭാര്യയാണ് ബീമാകണ്ണ്.മോഷണത്തിന് മുമ്പും ശേഷവും ഷെഫീഖ് കോട്ടൂരിലെ വീട്ടിലെത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.