തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 303 കോടിരൂപ അനുവദിച്ചു.
നിലവിൽ പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ പുതുക്കിപ്പണിയലിന് പുറമേയാണിത്. തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 108 കോടി രൂപയും പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 195.54 കോടി രൂപയും ലഭിക്കും.
ദക്ഷിണ റെയിൽവേയിൽ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയിൽവേ മാറ്റിവെച്ചത്. നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ എന്നിവയാണ് ഒരുക്കുന്നത്.