ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നു വിക്ഷേപണം.
നിശ്ചിത സമയത്തിനുള്ളിൽ നിശ്ചയിച്ചപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ 3 പേടകം വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആർഒ മേധാവി എസ്.സോമനാഥ് പറഞ്ഞു.
ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാൻഡറും പ്രജ്ഞാൻ റോവറുമാണ് വിക്ഷേപിച്ചത്.
ചന്ദ്രയാൻ രണ്ടിന്റെ തുടർച്ചയാണ് ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാൻ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആർഒ കണക്കുകൂട്ടുന്നത്.