വിഴിഞ്ഞം : പുളിക്കുടിയില്‍ വിഷം കഴിച്ച് അച്ഛനും മകളും മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൃഹനാഥന്‍ മറ്റുള്ളവര്‍ക്ക് അവരറിയാതെ ഗുളികയിലൂടെ വിഷം നല്‍കിയതാണെന്നാണ് പോലീസിന്റെ നിഗമനം.
വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു (50), മകന്‍ അര്‍ജുന്‍ (19) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടബാധ്യതയാണ് ശിവരാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയാണ് ബിന്ദു. സ്വര്‍ണപ്പണിക്കാരനായ ശിവരാജന്‍ പുളിങ്കുടിയില്‍ കട വാടകയ്‌ക്കെടുത്ത് സ്വര്‍ണാഭരണങ്ങള്‍ പണിതു നല്‍കിയാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി രാത്രിയില്‍ ബി കോംപ്ലക്‌സ് എന്ന പേരില്‍ ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കുമായിരുന്നു. ഇത്തരത്തില്‍ വ്യാഴാഴ്ച രാത്രി നല്‍കിയ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. അര്‍ജുന്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണം ചെയ്തിട്ടില്ല.
പുല്ലാനിമുക്കിലുള്ള വീടുവയ്ക്കുന്നതിന് കെഎസ്എഫ്ഇയുടെ കാഞ്ഞിരംകുളം, കരമന എന്നീ ശാഖകളില്‍ നിന്നും വെങ്ങാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും ശിവരാജന്‍ വായ്പ എടുത്തിരുന്നു. കോവിഡ് കാലത്ത് ശിവരാജന് വായ്പ തിരിച്ചടക്കാന്‍ സാധിച്ചില്ല. തിരിച്ചടക്കാന്‍ പലപ്പോഴായി സുഹൃത്തുക്കളില്‍ നിന്ന് പലിശയ്ക്ക് പണംവാങ്ങിയത് കൂടുതല്‍ കടക്കെണിയിലേക്ക് നയിച്ചു.
കെഎസ്എഫ്ഇയും ബാങ്കും നോട്ടീസ് അയച്ചപ്പോള്‍ വീട് വില്‍ക്കാന്‍ ശിവരാജന്‍ തീരുമാനിച്ചു. എന്നാല്‍, ആ തുകയില്‍ കടംവീട്ടിയശേഷം മറ്റൊരു വീട് വാങ്ങാനുള്ള പണം തികഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാകാം ശിവരാജന്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷംനല്‍കി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു.