കരകുളം:കാർഷിക മേഖലയും സഹകരണ മേഖലയും തമ്മിലുള്ള ദൃഢമായ ബന്ധം ഊട്ടിയുറപ്പിച്ച് സാധാരണക്കാരന് താങ്ങും തണലുമായ പ്രസ്ഥാനമായി കരകുളം സർവീസ് സഹകരണ ബാങ്ക് മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ .കരകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ മരുതൂർ ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ന്യൂജനറേഷൻ ബാങ്കിനേക്കാൾ മികച്ച സേവനം സഹകാരികൾക്ക് നൽകുന്ന സ്ഥാപനമാണ് കരകുളം സർവ്വീസ് സഹകരണ ബാങ്ക് . 362 കോടി നിക്ഷേപവും 234 കോടി വായ്പയും 57,925 അംഗങ്ങളും ഉള്ള സ്ഥാപനത്തിന്റെ ഒൻപതാമത് ശാഖയാണ് മരുതൂരിൽ പ്രവർത്തനം തുടങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മരുതൂർ ശാഖയിലെ ആദ്യ നിക്ഷേപവും മന്ത്രി വാസവൻ സ്വീകരിച്ചു.
ബാങ്കിലെ സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ആധുനിക ബാങ്കിങ് മേഖലയിലുള്ള എല്ലാ സൗകര്യങ്ങളും ഇന്ന് സഹകരണപ്രസ്ഥാനങ്ങളിൽ ലഭ്യമാണെന്നും കൃഷിക്കാരെ നേരിട്ട് സഹായിക്കുന്ന പല പദ്ധതികളും സഹകരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്നുവെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
കേരള സ്റ്റേറ്റ് കോർപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് എൻ. ശങ്കരൻ നായർ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മുൻ എം.എൽ.എയും സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനുമായ കോലിയക്കോട് കൃഷ്ണൻ നായർ, ഭരണ സമിതി അംഗങ്ങൾ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, തുടങ്ങിയവരും സന്നിഹിതരായി.