തിരുവനന്തപുരം:സാധാരണക്കാരനിലെ സംരംഭക നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ ബ്ലോക്ക് റിസോഴ്‌സ് സെൻറർ ഫോർ എൻറർപ്രൈസ് പ്രമോഷൻ നേമം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങി. റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ഐ.ബി സതീഷ് എം.എൽ.എ നിർവഹിച്ചു.
ഗ്രാമീണ മേഖലയിലെ ദാരിദ്ര്യനിർമാർജനം ലക്ഷ്യമിട്ടുള്ള എസ് വി ഇ പി പദ്ധതിയുടെ സേവനങ്ങൾ റിസോഴ്‌സ് സെന്ററിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കും. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെ സ്വാശ്രയത്വത്തിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബ്ലോക്ക്തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റുമാരാണ് സംരംഭവികസനത്തിനായി ചുക്കാൻ പിടിക്കുന്നത്. സംരംഭകത്വ അഭിരുചിയുള്ള സാധാരണക്കാരെ മുഖ്യധാരയിലെത്തിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും എസ്വിപിയിലൂടെ സാധിക്കുമെന്ന് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അനീഷ് കുമാർ എം.എസ് പറഞ്ഞു. കുടുംബശ്രീ പദ്ധതികളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ പുരുഷ ഭേദമന്യേ കുടുംബശ്രീ കുടുംബാംഗങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ അധ്യക്ഷയായിരുന്നു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ് ഘോഷ് പി .ആർ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു