തിരുവനന്തപുരം: അമ്മയും അച്ഛനും സഹോദരിയും ഉള്‍പ്പടെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതി കാഡല്‍ ജിന്‍സണ്‍ രാജയുടെ അപേക്ഷ കോടതി തള്ളി.
കൃത്യം നടത്തുമ്പോള്‍ പ്രതി മനോരോഗത്തിന് ചികിത്സയിലായിരുന്നോ എന്ന് അന്വേഷിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ആസ്ട്രല്‍ പൊജക്ഷന്റെ പേരുപറഞ്ഞു അമ്മയും അച്ഛനും ഉള്‍പ്പടെ നാലുപേരെ കാഡല്‍ ജിന്‍സണ്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.
2017 ഏപ്രില്‍ ഒന്‍പതിനായിരുന്നു ക്ലിഫ് ഹൗസിനു സമീപമുള്ള ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ രാജ തങ്കം, ഭാര്യ ഡോ. ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍നിന്നും പുക ഉയരുന്നതു കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഏക മകനായ കാഡല്‍ ജിണ്‍സണെ കാണാനില്ലായിരുന്നു. രാജ തങ്കത്തിന്റെയും ജീന്‍പത്മയുടെയും കരോളിന്റെയും മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.ബന്ധുവായ ലളിതയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി പുഴുവരിച്ച നിലയിലായിരുന്നു.
താനും കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹ രൂപത്തില്‍ ഡമ്മിയുണ്ടാക്കി കത്തിച്ചശേഷമാണു കാഡല്‍ ഒളിവില്‍പോയത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാഡല്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടിയിലായത്.
വര്‍ഷങ്ങളായി ഇയാള്‍ മനോരോഗത്തിനു ചികിത്സയിലാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. കൃത്യം നടത്തുന്ന സമയത്ത് കാഡല്‍ മനോരോഗത്തിനു ചികിത്സയില്‍ ആയിരുന്നു എന്നതിനു തെളിവുകള്‍ ഹാജരാക്കാനും പ്രതിഭാഗത്തിനായില്ല. പ്രതിയുടെ മൊഴി വിശ്വസിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
തുടര്‍ന്നാണ്, കൊലപാതകം നടക്കുമ്പോള്‍ കാഡല്‍ ചികിത്സയില്‍ ആയിരുന്നോ എന്ന് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പൊലീസിനു നിര്‍ദേശം നല്‍കിയത്. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.