തിരുവനന്തപുരം:ഈ വര്‍ഷത്തെ നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ടുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വിലയിരുത്തി.
ഒക്ടോബര്‍ 12 ന് രാവിലെ 8 മണിക്ക് പത്മനാഭപുരം തേവരക്കെട്ടില്‍ നിന്ന് വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ആരംഭിക്കും. ഒക്ടോബര്‍ 13 ന് കുഴിത്തുറയില്‍ നിന്നും പുറപ്പെട്ട് നെയ്യാറ്റിന്‍കരയിലെത്തുന്ന എഴുന്നള്ളത്ത് 14 ന് വൈകിട്ട് 6.30 ന് കിഴക്കേക്കോട്ടയിലെത്തും.
മഹോത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിന് ക്രമസമാധാന പാലനത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡിസിപി പി. നിധിന്‍രാജ് അറിയിച്ചു. ആര്യശാല ക്ഷേത്രക്കുളം വൃത്തിയാക്കല്‍, തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഉറപ്പു വരുത്തും.
വിഗ്രഹങ്ങള്‍ കുടിയിരുത്തുന്ന ദിവസങ്ങളിലും ഘോഷയാത്രയിലും മടക്കയാത്രയിലും ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ സേവനം ഉറപ്പാക്കും. വിഗ്രഹങ്ങള്‍ എഴുന്നള്ളി വരുന്ന റോഡുകള്‍, ബന്ധപ്പെട്ട ക്ഷേത്ര പരിസരങ്ങള്‍ എന്നിവ വൃത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ നടപടിയെടുക്കും. ഘോഷയാത്ര കടന്നുപോകുന്ന നഗരസഭാ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ ഉറപ്പാക്കും. ഉത്സവവുമായി ബന്ധപ്പെട്ട് ആരംഭം മുതല്‍ അവസാനഘട്ടം വരെ ആവശ്യമായ വെള്ളം അനുവദിക്കുന്നതിനുള്ള നടപടികള്‍ വാട്ടര്‍ അതോറിറ്റി സ്വീകരിക്കും. മുന്‍വര്‍ഷങ്ങളിലേതു പോലെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീം ഘോഷയാത്രയെ അനുഗമിക്കും. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം അടിയന്തരമായി പൂര്‍ത്തിയാക്കും.
ഉത്സവ ദിനങ്ങളില്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിനോടൊപ്പം എ.ഡി.എം അനില്‍ ജോസ് ജെ., സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ഡിസിപി നിധിന്‍രാജ് പി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ ക്ഷേത്ര പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.