ആറ്റിങ്ങൽ: സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി സുജിയുടെ മൃതദേഹമാണ് റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്.
പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സുജിയുടേയും പ്രതികളുടേയും പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആലംകോട് നിന്നും സുജിയും സുഹൃത്തുക്കളായ ബിജുവും അനീഷും ആറ്റിങ്ങലിലുള്ള ബാറിലെത്തി മദ്യപിച്ചത്. ശേഷം മേലാറ്റിങ്ങല്‍ ശങ്കരമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ എത്തി.
വീണ്ടും മദ്യപിക്കുന്നതിനിടയിലാണ് ഇരുകൂട്ടരും തമ്മിൽ വാക്ക് തര്‍ക്കമുണ്ടാവുന്നത്. തുടര്‍ന്നുണ്ടായ സംഘര്‍ഷം സുജിയുടെ കൊലപാതകത്തിലേക്ക് നയിച്ചു.
സുജിയുടെ സുഹൃത്തുക്കളായ കീഴാറ്റിങ്ങല്‍ സ്വദേശി ബിജുവിനെയും, കരിച്ചയില്‍ സ്വദേശി അനീഷിനെയും കടയ്ക്കാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.