തിരുവനന്തപുരം:തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ‘ഗാന്ധി പാര്‍ക്കി’ന്റെ നിര്‍മാണോദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാകും പാര്‍ക്കിന്റെ നിര്‍മാണമെന്ന് എം.എല്‍.എ പറഞ്ഞു.കുടപ്പനക്കുന്ന് ജംഗ്ഷനില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒന്നരക്കോടി രൂപ ചെലവിട്ട് പ്രവേശന കവാടം,ബസ് കാത്തിരിപ്പു കേന്ദ്രം തുടങ്ങിയ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
സ്‌പോര്‍ട്ട് കേരള ഫൗണ്ടേഷന്‍ മുഖേന കായിക യുവജനകാര്യ വകുപ്പാണ് 25 ലക്ഷം രൂപ ചെലവില്‍ ഗാന്ധി പാര്‍ക്ക് നിര്‍മിക്കുന്നത്.മഹാത്മാ ഗാന്ധിയുടെ പ്രതിമ,ഓപ്പണ്‍ ജിം,വിശ്രമ സ്ഥലം,നടപ്പാത എന്നിവക്ക് പുറമെ പുല്‍ത്തകിടിയും പാര്‍ക്കില്‍ സ്ഥാപിക്കും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇവിടുത്തെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. വ്യായാമം ചെയ്യുന്നതിന് രാവിലെയും വൈകുന്നേരവും നൂറുകണക്കിന് പേരാണ് എല്ലാ ദിവസവും സിവില്‍ സ്റ്റേഷനിലെത്തുന്നത്.
ഇത്തരക്കാര്‍ക്കും സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പാര്‍ക്കിന്റെ നിര്‍മാണം.സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അദ്ധ്യക്ഷനായി.എ.ഡി.എം അനില്‍ ജോസ് ജെ, കായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിജു റ്റി, സ്‌പോര്‍ട്ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബുരാജന്‍ പിള്ള ആര്‍,ഹുസൂര്‍ ശിരസ്തദാര്‍ എസ് രാജശേഖരന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.