തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബും പൂനെ എന്‍.ഐ.വി.യുടെ മൊബൈല്‍ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീര്‍ണകരമാണ്. അപകടകരമായ വൈറസായതിനാല്‍ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകള്‍ക്ക് മാത്രമേ നിപ പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആര്‍. അല്ലെങ്കില്‍ റിയല്‍ ടൈം പി.സി.ആര്‍. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്.
സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ?
എന്‍. 95 മാസ്‌ക്, ഫേസ്ഷീല്‍ഡ്, ഡബിള്‍ ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍, സിഎസ്എഫ്, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുന്നു. തുടക്ക സമയത്ത് രോഗലക്ഷണങ്ങള്‍ പലരിലും കാണാത്തതിനാല്‍ നിപാ വൈറസിന്റെ പ്രാരംഭ ഘട്ടം വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും രോഗബാധിതരായ ആളുകള്‍ക്കിടയില്‍ അതിജീവന സാധ്യത വര്‍ധിപ്പിക്കുന്നതിനും മറ്റ് ആളുകളിലേക്ക് പകരുന്നത് തടയുന്നതിനും രോഗ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നേരത്തെയുള്ള പരിശോധന നിര്‍ണായകമാണ്. അതിനാല്‍ തന്നെ രോഗലക്ഷണങ്ങളില്ലാത്ത ഒരാളുടെ പരിശോധനാഫലം നെഗറ്റീവായാലും, അദ്ദേഹം സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട ആളായാല്‍ നിപയുടെ ഇന്‍കുബേഷന്‍ പരിധിയായ 21 ദിവസം ഐസൊലേഷനില്‍ കഴിയണം.
ലാബിലേക്ക് അയക്കുന്നതെങ്ങനെ?
സംശയിക്കപ്പെടുന്നയാളുടെ സാമ്പിളുകളുടെ ശേഖരണം, ലാബിലേക്ക് കൊണ്ടുപോകല്‍, സംഭരണം, സംസ്‌കരണം എന്നിവയില്‍ മതിയായ ബയോ സേഫ്റ്റി മുന്‍കരുതലുകള്‍ സ്വീകരിക്കണം. ക്ലിനിക്കല്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ സാമ്പിളുകള്‍ സുരക്ഷിതമായി ട്രിപ്പിള്‍ കണ്ടെയ്നര്‍ പാക്കിംഗ് നടത്തുന്നു. ഇത് കോള്‍ഡ് ചെയിനില്‍ 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസില്‍ സുരക്ഷിതമായി ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് മുന്‍കൂര്‍ അറിയിപ്പോടെ കൊണ്ടുപോകണം.
നിപ ഉണ്ടെന്ന് കണ്ടെത്തുന്നതെങ്ങനെ?
നിപ വൈറസിനെ കണ്ടെത്താന്‍ പി.സി.ആര്‍. അല്ലെങ്കില്‍ റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനയാണ് നടത്തുന്നത്. എന്‍.ഐ.വി. പൂനെയില്‍ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി സാമ്പിളുകളില്‍ നിന്ന് ആര്‍.എന്‍.എ.യെ വേര്‍തിരിക്കുന്നു. ഇതില്‍ നിപ വൈറസ് ജീന്‍ കണ്ടെത്തിയാല്‍ നിപ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് 3 മുതല്‍ 4 മണിക്കൂറാണ് സമയമെടുക്കുന്നത്.
നിലവില്‍ നിപ പരിശോധനകള്‍ കൃത്യസമയത്ത് നടത്താനും അതനുസരിച്ച് പരിശോധനാഫലം ലഭ്യമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താനും സാധിക്കുന്നുണ്ട്. ഇതുവഴി നിപ വൈറസിനെ നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.