നെടുമങ്ങാട്: നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ വിജയത്തിനായി നെടുമങ്ങാട് മണ്ഡലത്തില്‍ വിപുലമായ സംഘാടക സമിതിയായി.
നെടുമങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.
ദേശീയപാത , മലയോര – തീരദേശ പാതകളുടെ നവീകരണം, വിശപ്പു രഹിത കേരളം, സമ്പൂർണ കുടിവെള്ള പദ്ധതി ഇങ്ങനെ കേരള ചരിത്രത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ വിപ്ലവകരമായ കാലഘട്ടമായിരുന്നു സർക്കാരിന് കീഴിൽ സമീപകാലത്ത് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
ഈ നേട്ടങ്ങൾ കൃത്യമായി പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് കേള്‍ക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി നവേകരള സദസ് നടത്തുന്നതെന്നു മന്ത്രി പറഞ്ഞു.
മന്ത്രി ജി. ആർ അനിൽ ചെയർമാനും നെടുമങ്ങാട് ആർ. ഡി. ഒ ജയകുമാർ. പി കണ്‍വീനറും മണ്ഡലത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അംഗങ്ങളുമായി 1001 പേരുടെ വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചത് .
ഇതിനു പുറമെ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 101 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും, 7 സബ് കമ്മിറ്റികൾക്കും രൂപം നൽകി. ഡിസംബര്‍ 21ന് വൈകിട്ട് 6 മണിയ്ക്കാണ് നെടുമങ്ങാട് മണ്ഡലത്തിലെ നവകേരള സദസ്.
അന്നേദിവസം രാവിലെ മണ്ഡലത്തിലെ പ്രമുഖ വ്യക്തികള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പ്രഭാത യോഗം ആറ്റിങ്ങലിലും നടക്കും. നെടുമങ്ങാട്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം മണ്ഡലങ്ങളിലെ പ്രഭാതയോഗമാണ് ആറ്റിങ്ങലില്‍ സംഘടിപ്പിക്കുന്നത്.
മുനിസിപ്പൽ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ത്രിതല പഞ്ചായത്തംഗങ്ങള്‍, നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി ,ആർ. ഡി. ഒ ജയകുമാർ. പി, ഉദ്യോഗസ്ഥ പ്രമുഖർ , രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.