പാറശാല:പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത കർമ സേന സംഗമം – ‘ശ്രദ്ധ’ സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഹരിത കർമ സേനാംഗങ്ങൾ സമൂഹത്തിന് നൽകുന്ന സേവനം മഹത്തരമാണെന്നും മാസം പതിനായിരം മുതൽ 25,000 രൂപ വരെ സേനാംഗങ്ങൾക്ക് വരുമാനം ലഭിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.
പാറശാല സ്വാതി കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, ബ്ലോക്ക് മെമ്പർ വിനുത കുമാരി എൽ, ത്രിതല പഞ്ചായത്തംഗങ്ങൾ, ആറ് ഗ്രാമപഞ്ചായത്തുകളിലെ 236 ഹരിത കർമ സേനാംഗങ്ങൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.
രാവിലെ സേനാംഗങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെയാണ് സംഗമത്തിന് തുടക്കമായത്. പരിപാടിയോടനുബന്ധിച്ച് ഹരിത കർമ സേനാംഗങ്ങൾക്കുള്ള മോട്ടിവേഷൻ ക്ലാസ്, കലാപരിപാടികൾ, സേനാംഗങ്ങൾക്കുള്ള പുരസ്‌കാര വിതരണം എന്നിവയും നടന്നു.