ആറ്റിങ്ങൽ:സിനിമ തിയേറ്ററില്‍ കയറി നഗ്‌നനായി മോഷണം നടത്തിയ പ്രതി സിസി ടിവി ക്യാമറയില്‍ കുടുങ്ങി.
സിനിമാ തീയേറ്ററില്‍നിന്ന് യുവതികളുടെ പേഴ്‌സ് മോഷണം പോയിരുന്നു. ആറ്റിങ്ങല്‍ ഗംഗ തീയേറ്ററില്‍ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയ കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് സ്വദേശിനികളുടെ പേഴ്‌സാണ് മോഷണം പോയത്.
സംഭവത്തില്‍ യുവതികള്‍ പോലീസില്‍ പരാതി നല്‍കിയതോടെ തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ആരെയും അമ്പരിപ്പിക്കുന്നരീതിയിലുള്ള രംഗങ്ങളാണ് സിസിടിവിദൃശ്യങ്ങളില്‍ കണ്ടത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മോഷണം നടത്തിയ പ്രതിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സിനിമ തുടങ്ങിയ ശേഷം സീറ്റിലിരുന്ന് വസ്ത്രങ്ങള്‍ അഴിച്ച് അര്‍ധനഗ്നനായാണ് പ്രതി മോഷണം നടത്തുന്നത്. തീയേറ്ററില്‍ കയറിയതിന് പിന്നാലെ സീറ്റിലിരിക്കുന്നവരെയെല്ലാം ഇയാള്‍ നോക്കി മനസിലാക്കും.
തുടര്‍ന്ന് ഇന്റര്‍വെല്‍ സമയത്ത് പുറകില്‍ ആരും ഇല്ലാത്ത ഭാഗത്ത് പോയിരിക്കും. പിന്നീടാണ് വസ്ത്രങ്ങള്‍ അഴിച്ച് അടിവസ്ത്രം മാത്രം ധരിച്ച് മുട്ടിലിഴഞ്ഞെത്തി പേഴ്‌സുകള്‍ കവരുന്നത്.
അര്‍ധനഗ്നനായി മുട്ടിലിഴഞ്ഞെത്തി നേരത്തെ നോക്കിവെച്ചവരുടെ സീറ്റിനടുത്തെത്തി മോഷണം നടത്തിയശേഷം ഇയാള്‍ വീണ്ടും തന്റെ സീറ്റിലേക്ക് വരുന്നതും പിന്നീട് വസ്ത്രങ്ങള്‍ ധരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
എല്ലാവരും സിനിമയില്‍ മുഴുകിയിരിക്കുന്നതിനാല്‍ ഇയാള്‍ മുട്ടിലിഴഞ്ഞ് പോകുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സിനിമ തുടങ്ങുന്നതിന് മുന്‍പുള്ള പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.