വട്ടിയൂർക്കാവ് : കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ പുനരധിവാസ പദ്ധതിയുടെ ആർക്കിടെക്ച്ചറൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ട്രിഡയും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പും തമ്മിൽ കരാർ ഒപ്പു വച്ചു.
ട്രിഡ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത്, ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, ട്രിഡ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ട്രിഡ സെക്രട്ടറി എൽ.എസ്. ദീപ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയർമാനും ചീഫ് ആർക്കിടെക്റ്റുമായ പത്മശ്രീ. ജി. ശങ്കർ എന്നിവരാണ് കരാറിൽ ഒപ്പു വച്ചത്.
പേരൂർക്കട വില്ലേജിലെ 0.9369 ഹെക്ടർ ഭൂമിയാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. സ്ഥലത്തിന്റെ പ്രമാണ പരിശോധന നടത്തി ഉടമസ്ഥർക്ക് തുക അനുവദിച്ചു തുടങ്ങി. നവംബർ മാസത്തോടെ ഈ സ്ഥലം പൂർണ്ണമായും കൈവശത്തിലെടുത്ത് ട്രിഡയ്ക്ക് കൈമാറും.
പുനരധിവാസ പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരമായ 79,41,53,508 രൂപയിൽ കിഫ്ബി 60,08,34,218 രൂപ അനുവദിച്ചു. ബാക്കി തുകയും ഉടനെ ലഭ്യമാക്കുന്നതാണ്. പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഡിസംബർ മാസം തന്നെ പദ്ധതിയുടെ തറക്കല്ലിടുമെന്ന് അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. അറിയിച്ചു.