പേരൂർക്കട : ചികിത്സയ്ക്കെത്തിയ യുവതി ആശുപത്രി ജീവനക്കാരിയെ മർദിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിലാണ് സംഭവം.
ആശുപത്രിയിലെ അറ്റൻഡർ വിഭാഗം ജീവനക്കാരിയായ ബീനയ്ക്കാണ് മർദനമേറ്റത്. കരകുളം സ്വദേശി വിദ്യ എന്ന യുവതിയാണ് മർദിച്ചത്.
ഡോക്ടറെ കാണാൻ വരിനിന്നവർക്കിടയിലാണ് വിദ്യയും നിന്നിരുന്നത്. മുന്നിൽനിന്നവരെ മറികടന്ന് പെട്ടെന്ന് ഡോക്ടറുടെ മുറിക്കുള്ളിലേക്ക് കയറാൻ വിദ്യ ശ്രമിച്ചു. ഇത് തടഞ്ഞപ്പോഴാണ് ബീനയ്ക്ക് മർദനമേറ്റത്. പെട്ടെന്നുണ്ടായ ആക്രമണത്തെ തടയാനായില്ല. സ്ഥലത്ത് സുരക്ഷാ ജീവനക്കാരുമുണ്ടായിരുന്നില്ല.
ബീനയെ മർദിച്ചശേഷം വിദ്യ പുറത്തേക്കിറങ്ങി ഓടിമറഞ്ഞു.ആശുപത്രിയിൽനിന്നും എടുത്ത ഒ.പി. ടിക്കറ്റിൽ നിന്നാണ് വിദ്യയെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ പേരൂർക്കട പോലീസ് കേസെടുത്തു.