പാറശ്ശാല: സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ. പാറശ്ശാല, അഞ്ചാലിക്കോണത്ത് ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അയിര സ്വദേശിയായ ബിനുവിനെ (40) യാണ് പാറശാല പൊലീസ് പിടികൂടിയത്.
രണ്ട് ദിവസം മുമ്പ് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചാലിക്കോണം സ്വദേശിയായ ശശി റബർ ടാപ്പിങ്ങിനായി സ്കൂട്ടറിൽ എത്തിയ ശേഷം ടാപ്പിഗ് ജോലികളിൽ ഏർപ്പെടുന്നതിന് ഇടയിൽ ഇദ്ദേഹത്തിൻ്റെ കാലിൽ പരുക്ക് പറ്റിയിരുന്നു.
തുടർന്ന് സ്കൂട്ടർ സമീപത്ത് പാർക്ക് ചെയ്ത ശേഷം മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ ചികിത്സയ്ക്കു പോയി.
ഇത് ശ്രദ്ധയിൽപ്പെട്ട ബിനു ശശിയുടെ ഹോണ്ട ആക്ടീവ സ്കൂട്ടറുമായി മുങ്ങുകയായിരുന്നു. അടുത്ത ദിവസം ശശി സ്കൂട്ടർ എടുക്കാൻ എത്തിയപ്പോഴാണ് സ്കൂട്ടർ മോഷണം പോയതായി അറിഞ്ഞത്. ഉടൻ പാറശ്ശാല പൊലീസിൽ പരാതി നൽകി.
പാറശാല പൊലീസ് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ബിനു സ്കൂട്ടറുമായി പോകുന്നത് വ്യക്തമായത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിനുവിനെ പിടികൂടുകയായിരുന്നു.