തിരുവനന്തപുരം:കേരളീയത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ബോണ്‍സായി ചെടികളുടെ പ്രദര്‍ശനത്തിനു ലഭിക്കുന്നത് മികച്ച സ്വീകാര്യത.
അയ്യങ്കാളി ഹാളില്‍ നടക്കുന്ന പുഷ്‌പോത്സവത്തില്‍ ജവാഹര്‍ ലാല്‍ നെഹ്‌റു ട്രോപിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനാണ് ബോണ്‍സായി ചെടികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
രൂപഭംഗി നഷ്ടപ്പെടാതെ വളര്‍ച്ച നിയന്ത്രിച്ചു ചട്ടികളില്‍ നട്ടു പരിപാലിക്കുന്ന വിവിധയിനം ആല്‍മരങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ അപൂര്‍വമായി മാത്രം കാണുന്നതും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളുമായ ഫൈക്കസ് ടാല്‍ബോട്ടി, ഫൈക്കസ് ഡല്‍ഹൗസി, ഫൈക്കസ് റംഫി, വലിയ ഇലയുള്ള ജയിന്റ് ലീവ്സ് ഫിഗ് എന്നറിയപ്പെടുന്ന ഫൈക്കസ് ലൂട്ടിയ, ത്രികോണാകൃതിയില്‍ ഇലകളുള്ള ഫൈക്കസ് ട്രയാങ്കുലാരിസ് എന്നിവയാണ് ഏറെ ശ്രദ്ധേയം.
ആകാരവടിവും ധാരാളം വേരുകള്‍ ഉള്ളതുമാണ് ഫൈക്കസ് മൈക്രോകാര്‍പ്പയും ഫൈക്കസ് മാക്ക് ടെല്ലിയാനയും. ഇലയുടെ അടിവശം കപ്പുപോലെ രൂപാന്തരം പ്രാപിച്ച ഫൈക്കസ് കൃഷ്ണ സന്ദര്‍ശകരില്‍ കൗതുകം ഉണര്‍ത്തുന്നുണ്ട്. 20 വര്‍ഷം വരെ പഴക്കമുള്ള ചെടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം വിവിധ തരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ചെടികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.