തിരുവനന്തപുരം:കരമനയാറിന്റെ തീരത്ത് പ്രദേശവാസികളേയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നത് ലക്ഷ്യമിട്ട് 15 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കരമന പാലം മുതൽ ആഴാങ്കൽ ജംഗ്ഷൻ വരെ, കരമനയാറിന്റെ ഇടത് കരയിലുള്ള നടപ്പാതയുടെ സൗന്ദര്യവത്കരണത്തിന്റെയും നവീകരണത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ജലസേചന വകുപ്പ് മുഖേന സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി, വിപുലമായ സൗന്ദര്യവത്കരണ പ്രവർത്തികളാണ് കരമനയാറിന്റെ തീരത്ത് നടത്തുന്നത്.
കരമന-ആഴാങ്കൽ നടപ്പാതയുടെ ഭംഗിയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന പദ്ധതിക്ക് തുടക്കമാവുകയാണെന്ന് മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യമം സാമൂഹിക ഇടങ്ങളെ പുനർവചിക്കുന്ന നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നുവെന്നും സാമൂഹിക ക്ഷേമത്തിനും വിനോദ ആവശ്യങ്ങൾക്കും സംഭാവന നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നടപ്പാത പൂർത്തിയാകുന്നതോടെ പ്രായഭേദമന്യേ എല്ലാ പ്രദേശവാസികൾക്കും കണക്ടിവിറ്റി, ആരോഗ്യം, ഒഴിവ് സമയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഊർജസ്വലമായ ഇടമായിരിക്കുമിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിലെ നടപ്പാതയുടെ വീതി കൂട്ടി ജോഗിങ് ട്രാക്ക്, സൈക്കിൾ ട്രാക്ക് നിർമാണം, നടപ്പാത ദീർഘിപ്പിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്. നദിയുടെ വെള്ളപ്പൊക്ക നിവാരണ ബണ്ടിന്റെ ബലപ്പെടുത്തൽ, ഓപ്പൺ ജിം, യോഗ പ്ലാറ്റ്‌ഫോം, കുട്ടികളുടെ പാർക്ക്, രണ്ട് തൂക്കുപാലങ്ങൾ, റേഡിയോ പാർക്ക് , തെരുവ് വിളക്ക് സ്ഥാപിക്കൽ, കടവുകളുടെ പുനരുദ്ധാരണം, ശലഭ പാർക്ക്, വൈഫൈ സോൺ, ഫിഷിംങ് ഡെക്ക് തുടങ്ങി ബൃഹത്തായ നവീകരണ പ്രവർത്തികൾക്കാണ് കരമനയാറിന്റെ തീരം ഒരുങ്ങുന്നത്.
കരമനയാറിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആറ് മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കും.
സന്ദർശകർക്ക് ബോട്ടിംഗ് യാത്രകൾക്കുള്ള സൗകര്യവും ഉണ്ടാകും. സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വികൾ സ്ഥാപിക്കും. ആധുനിക സൗകര്യങ്ങളോടുള്ള ശുചിമുറികൾ, ഓട്ടോമേറ്റഡ് സ്പ്രിക്‌ളർ ഇറിഗേഷൻ സൗകര്യങ്ങൾ, ആർട്ട് വാളുകൾ ഇവയും നവീകരണ പദ്ധതിയുടെ സവിശേഷതകളിൽപ്പെടുന്നു. വനം വകുപ്പ്, സർക്കാർ നഴ്‌സറികളുമായി സഹകരിച്ച് കൂടുതൽ ഫലവൃക്ഷങ്ങളും പൂമരങ്ങളും പ്രദേശത്ത് വച്ചുപിടിപ്പിക്കും.
പാപ്പനംകോട് വാർഡ് കൗൺസിലർ ആശാനാഥ് അധ്യക്ഷയായിരുന്നു. സ്മാർട്ട്സിറ്റി മാനേജർ കൃഷ്ണകുമാർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു.എസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.അനിൽകുമാർ, പദ്ധതി പ്രദേശത്തിന് സമീപത്തെ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.